ന്യൂയോർക്ക്: 93ാം വയസിൽ വീണ്ടും വിവാഹിതനായി മാധ്യമ ഭീമനും അമേരിക്കൻ വ്യവസായിയുമായ റൂപർട്ട് മർഡോക്ക്. 67 കാരിയായ എലീന സുക്കോവയാണ് വധു. മോസ്കോ സ്വദേശിയായ എലീന റിട്ട. മോളിക്യുലാർ ബയോളജിസ്റ്റാണ്. മോസ്കോയിൽ നിന്ന് തൊണ്ണൂറുകളിൽ യു.എസിലേക്ക് കുടിയേറുകയായിരുന്നു എലീന. കാലിഫോർണിയ യൂനിവേഴ്സിറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടവും എസ്റ്റേറ്റും ഉൾപ്പെടുന്ന മൊറാഗയിൽ ആയിരുന്നു വിവാഹചടങ്ങ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മർഡോക്കിന്റെ മൂന്നാംഭാര്യ വെൻഡി ഡാങ്ങിന്റെ നേതൃത്വത്തിലായിരുന്നു വിവാഹസൽകാരം.
കഴിഞ്ഞ ആഗസ്റ്റിലാണ് റൂപർട്ടും എലീനയും പ്രണയം തുടങ്ങിയത്. മർഡോക്കിന്റെ മൂന്നാംഭാര്യ വെൻഡി ഡാങ്ങിന്റെ സുഹൃത്തായിരുന്നു എലീന. രണ്ടുതവണ വിവാഹിതയായിട്ടുണ്ട് എലീന. റഷ്യൻ ശതകോടീശ്വരൻ അലക്സാണ്ടർ ഴുകോവ് ആയിരുന്നു ഭർത്താക്കൻമാരിൽ ഒരാൾ. ആ ബന്ധത്തിൽ അവർക്ക് ഒരു മകളുണ്ട്.
കഴിഞ്ഞ മാർച്ചിൽ 66 വയസുള്ള ആൻ ലെസ്ലി സ്മിത്തും മർഡോക്കുമായുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാൽ ഒരുമാസത്തിനു ശേഷം ഇരുവരും വിവാഹത്തിൽനിന്ന് പിൻമാറി.
എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യഭാര്യ. 1966ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് സ്ക്വാട്ടിഷ് മാധ്യമ പ്രവർത്തക അന്ന മാൻ, ബിസിനസുകാരിയായ വെൻഡി ഡാങ്, നടി ജെറി ഹാൾ എന്നിവരെ വിവാഹം കഴിച്ചു. 2022ലാണ് നാലാം ഭാര്യ ജെറി ഹാളുമായി വേർപിരിഞ്ഞത്.
നാലു ഭാര്യമാരിലുമായി ആറ് മക്കളുണ്ട് മർഡോക്കിന്. കഴിഞ്ഞ വർഷം അദ്ദേഹം ന്യൂസ് കോർപിന്റെ ചുമതലകൾ മകൻ ലാഷ്ലന് കൈമാറിയിരുന്നു.