കോഴിക്കോട്: സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന വീരനായകൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ പത്രം ന്യൂസ് പോർട്ടലായി തിരിച്ചുവരുന്നു. പിറവികൊണ്ട് നൂറുവർഷം തികയുന്ന വേളയിലാണ് അൽ അമീൻ പുതിയ രൂപത്തിൽ പുറത്തിറങ്ങുന്നത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ന്യൂസ് പോർട്ടൽ ഒരുങ്ങുന്നത്. അബ്ദുറഹ്മാൻ സാഹിബിന്റെ ചരമദിനമായ നവംബർ 23ന് alameennews.in ഡൊമൈനിൽ ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടം എന്നനിലയിൽ ഓൺലൈൻ എഡിഷനും പിന്നീട് യൂട്യൂബ് ചാനലും പത്രവുമായി ജനങ്ങളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, എഡിറ്റർ വീക്ഷണം മുഹമ്മദ്, സി.ഇ.ഒ പി. അബ്ദുൽ ബായിസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുഹമ്മദ് അബ്ദുറഹ്മാൻ ചെയർ കോഓഡിനേറ്റർ മുല്ലശ്ശേരി ശിവരാമൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.