പിങ്ടാൻ (ചൈന): ചൈനയിൽ നടക്കുന്ന 11ാമത് ലോക ബീച്ച് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ വെള്ളിയാഴ്ച ഖത്തറിന് നിരാശയുടെ ദിനം. അർജന്റീനയോടും പോർചുഗലിനോടും ടീം 2-1ന് കീഴടങ്ങി. രണ്ട് കളിയിലും നിർഭാഗ്യം കൊണ്ടാണ് ഖത്തർ തോൽവി രുചിച്ചത്.
അർജന്റീനക്കെതിരെ ആദ്യ സെറ്റ് 20-18ന് അടിയറ വെച്ച ഖത്തർ രണ്ടാം സെറ്റിൽ 17 -16ൽ പൊരുതി ജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ ജയം. പോർചുഗലിനെതിരെ ആദ്യ സെറ്റ് ഖത്തറാണ് ജയിച്ചത് (സ്കോർ 20-18).
രണ്ടാം സെറ്റ് പോർചുഗൽ ആധികാരികമായി ജയിച്ചു (23-18). നിർണായകമായ മൂന്നാം സെറ്റിൽ ഈ കളിയിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഖത്തർ കളി കൈവിട്ടത്. കളിയിൽ മികവ് പുലർത്തിയെങ്കിലും സ്കോർ ചെയ്യുന്നതിലെ വീഴ്ച ടീമിന് വിനയായി. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനം നേടിയ ഖത്തറിന് ഇത്തവണ ആ നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല.