ഗാങ്ടോക്: സിക്കിമില്‍ പ്രേംസിങ് തമാങ് യുഗം തുടരും. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മുഖ്യമന്ത്രി പ്രേംസിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) സീറ്റുകള്‍ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്കെഎം അധികാരത്തുടര്‍ച്ച നേടിയത്.
അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന് കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്കെഎമ്മിന് 17 സീറ്റുകളും പവന് കുമാറിന്റെ പാര്‍ട്ടിയായ എസ്ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്. എന്നാലിത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന് കുമാര്‍ ചാംലിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന് കുമാര്‍ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്കെഎം സ്ഥാനാര്‍ഥികളോട് തോറ്റത്.
എസ്ഡിഎഫ് നേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകള്‍ക്കാണ് ബൈചൂങ് ബൂട്ടിയ എസ്കെഎം സ്ഥാനാര്‍ഥി റിക്ഷാല്‍ ഡോര്‍ജി ബൂട്ടിയയോട് തോറ്റത്.
സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയു മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകള്‍ക്ക് വിജയിച്ചു.
The post സിക്കിം തൂത്തുവാരി എസ്കെഎം; പ്രേംസിങ് തമാങ് യുഗം തുടരും, ബൂട്ടിയയ്ക്ക് തോല്‍വി appeared first on Keralabhooshanam Daily.