പാരിസ്: പാരിസ് ഒളിമ്പ്ക്സിൽ ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കിയ ഷൂട്ടിങ് താരം മനു ഭാകറിന് നാട്ടിൽ വമ്പിച്ച സ്വീകരണം. തന്റെ ഫാമിലിയോടൊപ്പം നൂറോളം ആളുകളാണ് താരത്തിനെ കാണാനെത്തിയത്. ഇന്ന് രാവിലെയായിരുന്നു താരം നാട്ടിലെത്തിയത്. മനുവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ തന്നെ ഒരുപാട് പേർ എത്തിയിരുന്നു. കോച്ച് ജസ്പാൽ റാണയുമായാണ് മനു നാട്ടിലേക്കെത്തിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് താരം ആദ്യം മെഡൽ നേടിയത്. പിന്നീട് അതേ ദൂരത്തിൽ തന്നെ ഷൂട്ടിങ് മിക്സ്ഡ് ഇവന്റിലും മനും വെങ്കലം കരസ്ഥമാക്കി. രണ്ടാം കിരീടത്തിൽ മനുവിനൊപ്പം സരബജോത് സിങ്ങുമുണ്ടായിരുന്നു. താരത്തിന് മുമ്പ് ഇന്ത്യക്കായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കിയത് 1900ത്തിൽ ബ്രിട്ടീഷ് ഇന്ത്യനായിരുന്ന നോർമൻ പ്രിറ്റ്ചാർഡ് മാത്രമാണ്. ഇന്ത്യക്കായി ഒരു ഒളിമ്പികിസിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിത കൂടെയാണ് മനു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് നാട്ടിൽ വലിയ സ്വീകരണം താൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് മനു പറഞ്ഞിരുന്നു. ആരാധകർ അവരെ നിരാശയാക്കിയില്ല.