ലുഡേർഹിൽ (യു.എസ്): ട്വന്റി20 ലോകകപ്പിൽ കാനഡക്കെതിരായ ഇന്ത്യയുടെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.
ഫ്ലോറിഡയിലെ ബ്രോവാഡ് കൗണ്ടി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരുന്നു. അവസാന ഗ്രൂപ് മത്സരം ഉപേക്ഷിച്ചെങ്കിലും ഇന്ത്യ ഏഴ് പോയിന്റോടെ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി. രണ്ട് മത്സരം ജയിച്ച യു.എസ്.എയും സൂപ്പർ എട്ടിലെത്തി. ഗ്രൂപ്പിലെ പാകിസ്താൻ, കാനഡ, അയർലൻഡ് ടീമുകൾ സൂപ്പർ എട്ടിലെത്താതെ പുറത്തായി.
സൂപ്പർ എട്ട് മത്സരങ്ങൾക്കായി ടീം ഇനി വെസ്റ്റിൻഡീസിലേക്ക് തിരിക്കും. ജൂൺ 20ന് അഫ്ഗാനിസ്താനുമായാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം.