ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അട്ടിമറിവിജയങ്ങള്‍ക്കും അപ്രതീക്ഷിത തോല്‍വികള്‍ക്കുമിടയിലൂടെ കേരളം ആ ചോദ്യം കൂടി മുന്നോട്ടുവെച്ചു, എവിടെ കേരളത്തിലെ വനിതാ സ്ഥാനാര്‍ഥികള്‍? 20 ലോക്സഭാ സീറ്റുകളിലായി ഒമ്പത് വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. എന്നാല്‍ വിജയം ഇവര്‍ക്കെല്ലാം അകലെയായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ. ശൈലജയുടെ തോല്‍വിയായിരുന്നു ഇതില്‍ ഏറ്റവും ചര്‍ച്ചയായത്.
കോണ്‍ഗ്രസിന്റെ യുവരക്തം ഷാഫി പറമ്പില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ ശൈലജയെ തോല്പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥാനാര്‍ഥി. 3,64,422 വോട്ടുകളുമായി രാഹുല്‍ വയനാട്ടില്‍ വിജയം നേടിയപ്പോള്‍ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലുണ്ടായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയാണ് ആനി രാജ രണ്ടാം സ്ഥാനത്തെത്തിയത്.
കോണ്‍ഗ്രസിന്റെ ആലത്തൂരിലെ സിറ്റിങ് എം.പി. രമ്യ ഹരിദാസാണ് വിജയത്തില്‍ നിന്നും അകന്നുമാറിയ മറ്റൊരു സ്റ്റാര്‍ സ്ഥാനാര്‍ഥി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ഒരു വനിതയായിരുന്നു, ടി.എന്‍. സരസു. ഇടതുപക്ഷത്തിന് കേരളത്തില്‍ ആകെ വിജയിക്കാന്‍ പറ്റിയ ആലത്തൂര്‍ മണ്ഡലത്തില്‍ നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചത്. രമ്യയും സരസുവും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി.
ബിജെപിയുടെ കേരളത്തിലെ എ-ക്ലാസ് മണ്ഡലമായ ആലപ്പുഴയിലെ തീപ്പൊരി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും പരാജയപ്പെടാനായിരുന്നു വിധി. എന്‍ഡിഎ കേരളത്തില്‍നിന്നും വിജയമുറപ്പിച്ചിരുന്ന സീറ്റുകളില്‍ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്റേത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാല്‍ വിജയിച്ച ആലപ്പുഴയില്‍ മൂന്നാം സ്ഥാനത്തെത്താനേ ശോഭയ്ക്കായുള്ളൂ.
എറണാകുളത്തെ ഇടതുസ്ഥാനാര്‍ഥി കെജെ ഷൈന്‍, ബിജെപിയുടെ സ്ഥാനാര്‍ഥികളായ നിവേദിത സുബ്രഹ്മണ്യന് (പൊന്നാനി), എം.എല്‍. അശ്വിനി (കാസര്‍കോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് എന്നിവരാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി അറിഞ്ഞ മറ്റ് വനിതാ സ്ഥാനാര്‍ഥികള്‍.
The post വനിതാ നേതാക്കളെ കൈവിട്ട് ജനങ്ങള്‍ appeared first on Keralabhooshanam Daily.