ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
രണ്ട് സഖ്യകക്ഷികളുമായും സര്‍ക്കാര്‍ രൂപവത്കരണ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട ഉദ്ദവ് താക്കറെയാണ് ഇക്കാര്യം ആദ്യമായി പൊതുവിടത്തില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് ഈ രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഉദ്ദവ് പറഞ്ഞു. സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള സഖ്യ സാധ്യതകള്‍ക്ക് ശ്രമിക്കുമെന്ന് പിന്നീട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദും വ്യക്തമാക്കി.
292 സീറ്റുകളാണ് എന്‍.ഡി.എ.ക്കുള്ളത്. ഇതില്‍ 28 സീറ്റുകള്‍ ജെ.ഡി.യു., ടി.ഡി.പി. സഖ്യകക്ഷികളുടേതാണ്. അതേസമയം ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകള്‍. ജെ.ഡി.യു., ടി.ഡി.പി. സഖ്യത്തെ ഒപ്പം ചേര്‍ത്താല്‍ 262 സീറ്റിലേക്ക് ഉയരും. തുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളാണ് വേണ്ടിവരിക. മറ്റു പാര്‍ട്ടിക്കാരില്‍നിന്ന് ചിലരെ ഒപ്പം കൂട്ടിയാല്‍ ഈ സംഖ്യയും മറികടക്കാന്‍ കോണ്‍ഗ്രസിനാവും.
അതേസമയം ഇന്ത്യ സഖ്യം ബുധനാഴ്ച ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുതവണയാണ് നിതീഷ് കുമാര്‍ പക്ഷം മാറി രാഷ്ട്രീയപരീക്ഷണം നടത്തിയത്. ഫെബ്രുവരിയില്‍ ഇന്ത്യ സഖ്യത്തില്‍നിന്ന് ബി.ജെ.പി.യിലേക്ക് പോയതാണ് അവസാനത്തെ മാറ്റം. എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന ടി.ഡി.പി., 2019-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തില്‍നിന്ന് അകന്നു. പിന്നീട് നിലവിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും എന്‍.ഡി.എ.യില്‍ ചേരുകയായിരുന്നു.
The post കിങ്മേക്കറാവുമോ നിതീഷും നായിഡുവും; ‘ഇന്ത്യ’ വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് റിപ്പോര്‍ട്ട് appeared first on Keralabhooshanam Daily.