കൊച്ചി: സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലിൽ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും. രണ്ടാം സെമിയിൽ പാലക്കാടും ആലപ്പുഴയും ഏറ്റുമുട്ടും. പുരുഷ സെമിയിൽ തൃശൂരും തിരുവനന്തപുരവും തമ്മിലാണ് ആദ്യ കളി. രണ്ടാം സെമിയിൽ എറണാകുളം കോട്ടയത്തെ നേരിടും. കടവന്ത്ര റീജ്യനൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ ക്വാർട്ടർ ഫൈനലിൽ തൃശൂർ പത്തനംതിട്ടയെ (64 -48) തോൽപിച്ചു.
വനിതകളുടെ ആദ്യ ക്വാർട്ടർ ഫൈനലിൽ കെ.എസ്.ഇ.ബി താരങ്ങൾ അണിനിരന്ന തിരുവനന്തപുരം 67 -20ന് പത്തനംതിട്ടയെ തോൽപിച്ചു. ഇന്ത്യൻ താരം അനീഷ ക്ലീറ്റസ് 20 പോയന്റുമായി ടോപ് സ്കോററായി. രണ്ടാം ക്വാർട്ടർ ഫൈനലിൽ കോട്ടയം കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത് (79 -43).
കോളജ് താരങ്ങളുമായി ഇറങ്ങിയ തൃശൂർ ആലപ്പുഴയോട് രണ്ട് പോയന്റിന് തോൽക്കുകയായിരുന്നു (59 -57). വനിതകൾ അവസാന ക്വാർട്ടർ ഫൈനലിൽ കേരള പൊലീസ് താരങ്ങളടങ്ങിയ പാലക്കാട് എറണാകുളത്തെ (73 -54) പരാജയപ്പെടുത്തി. പാലക്കാടിന്റെ ചിപ്പി മാത്യു (22) ആണ് ടോപ് സ്കോറർ. പുരുഷന്മാരിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ തൃശൂർ പത്തനംതിട്ടയെ തോൽപിച്ചു (64 -48). തിരുവനന്തപുരം പാലക്കാടിനെ (52 -38) തോൽപിച്ച് സെമിയിലെത്തുകയായിരുന്നു.