തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്നെത്തിയ 38കാരനായ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനക്കയച്ച സാമ്പിളിന്റെ ഫലം ഇന്നാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയെങ്കിലും യുവാവ് അധികമാരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് വിവരം. വിദേശത്തുനിന്ന് എത്തുന്നവർ രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.