‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സിനിമാ കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ടെന്നും അങ്ങനെയൊരു കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നുവെന്നും ലിജോ സോഷ്യൽ മീഡിയയിൽ കുറിച്ചു.എന്നാൽ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പക്ഷം ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’- എന്നാണ് ലിജോയുടെ വാക്കുകൾ
സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന വരുന്നത്. സംവിധായിക അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരും നേതൃനിരയിലുണ്ട്. സംഘടനയ്ക്കായി ആദ്യഘട്ട ചർച്ച നടത്തിയവരുടെ നിരയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉയർന്ന് കേട്ടിരുന്നു.