സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പ്രധാന പെനാൽട്ടി ടേക്കർ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ആയിരിക്കുമെന്ന് റിപ്പോർട്ട്. പി.എസ്.ജിയിൽ നിന്നും റയലിലേക്കെത്തിയ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയെ മറികടന്നാണ് വിനിയെ തന്നെ പെനാൽട്ടി എടുക്കാൻ റയൽ ഏൽപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഈ സമ്മറിൽ ഫ്രീ ട്രാൻസ്ഫറായിട്ടായിരുന്നു എംബാപ്പെ മാഡ്രിഡിലേക്കെത്തുന്നത്. നിലവിൽ ഫുട്ബോൾ ലോകത്ത് തന്നെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് എംബാപ്പെ. മികച്ച പെനാൽട്ടി ടേക്കർ കൂടെയാണ് താരം. പി.എസ്.ജിയിലെ ഏഴ് സീസണിൽ നിന്നും 256 ഗോൾ നേടിയാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ അടുത്തെത്തുന്നത്. റയലിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ റിപ്പോർട്ടുകളനുസരിച്ച് എംബാപ്പെ ആയിരിക്കില്ല റയലിന്റെ പ്രധാന പെനാൽട്ടി ടേക്കർ. പരിക്കുകളുണ്ടായിട്ടും കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനം റയലിനായി കാഴ്ചവെച്ച വിനീഷ്യസ് ജൂനിയറായിരിക്കും ടീമിന്റെ പ്രധാന പെനാൽട്ടി ടേക്കറാകുക. കഴിഞ്ഞ സീസണിൽ 39 മത്സരത്തിൽ 24 ഗോളും 11 അസിസ്റ്റും നൽകാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്.