ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയെയും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ഒരുപാട് കിരീടങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ധോണിയുടെ ക്യാപ്റ്റൻസിയിൽ കളിച്ച എല്ലാ താരങ്ങൾക്കും അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമെ പറയാൻ ഉണ്ടാകുകയുള്ളൂ. താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടറും മുൻ സി.എസ്.കെ താരവുമായ ശർദുൽ താക്കൂർ.
ധോണി തന്റെ ബൗളർമാർക്ക് പ്ലാൻ ചെയ്യാനുള്ള അവസരം നൽകുമെന്നും അത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ശർദുൽ പറയുന്നു. ധോണിയുടെ കീഴിൽ കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണെന്നും അദ്ദേഹം പറഞ്ഞു.
‘ധോണിയൊടൊപ്പം കളിക്കുന്നത് എന്നും സ്പെഷ്യലാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് നമ്മളെ വളരാൻ അനുവദിക്കും. ഞങ്ങളോട് സ്വന്തം പ്ലാനുമായി വരാൻ അദ്ദേഹം പറയും. ബൗളർമാരെ അദ്ദേഹം ഒരിക്കലും സ്പൂൺഫീഡ് ചെയ്യില്ല. നാളെ വിക്കറ്റിന്റെ പുറകിൽ ഞാൻ ഇല്ലെങ്കിലോ? റൂമിലേക്ക് ചെല്ലൂ, സ്വന്തമായി പ്ലാൻ കരുതിവെക്കൂ…..അത് ശരിയാവുന്നില്ലെങ്കിൽ ഞാൻ ഇടപെടാം… എന്ന് ധോണി പറയുമായിരുന്നു,’ശർദുൽ പറഞ്ഞു.
ധോണിയുടെ പ്ലാൻ നടന്നില്ലെങ്കിൽ ദൈവത്തിന്റെ പ്ലാൻ ഉണ്ടാകുമെന്നും ശർദുൽ പറയുന്നുണ്ട്. ധോണിയുടെ ലെഗസ് എക്കാലവും ഓർത്തിരിക്കുമെന്നും വിരാട് , രോഹിത് പോലെയുള്ള ഇതിഹാസ താരങ്ങളെ വളർത്തിയത് ധോണിയാണെന്നും ശർദുൽ കൂട്ടിച്ചേർത്തു.