ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ ടീമിലില്ലാത്തതിന്റെ കാരണം പറയുകയാണ് മുൻ പാകിസ്താൻ ക്രിക്കറ്റ് താരമായ ബാസിത് അലി. കിഷന്റെ ക്രിക്കറ്റിൽ നിന്നുമുള്ള ശ്രദ്ധ മാറി ഇപ്പോൾ ഫാഷനിലാണ് കൂടുതൽ ശ്രദ്ധ എന്ന് ബാസിത് പറഞ്ഞു.
‘ഇഷാൻ കിഷന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറി പോയിട്ടുണ്ട്. ഫാഷനിലേക്കാണ് അവന്റെ നിലവിലെ ശ്രദ്ധ,’ തന്റെ യൂട്യൂബ് വീഡിയോയിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.
തളർച്ച കാരണം കഴിഞ്ഞ വർഷം ഡിസംബറിൽ കിഷൻ ടീമിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ പിന്നീട് ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് വിളി വരാതെയായി. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ പലകുറി പറഞ്ഞിട്ടും കളിക്കാത്തതിനാൽ ബി.സി.സി.ഐ കിഷന്റെ കരാരും റദ്ദാക്കി.
താരത്തെ അവസാനമായി ക്രിക്കറ്റ് ഫീൽഡിൽ കണ്ടത് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴാണ്. 2024 ഐ.പി.എല്ലിലും ശരാശരി പ്രകടനമാണ് മുംബൈയുടെ ഓപ്പണിങ് ബാറ്റർ കാഴ്ചവെച്ചത്. 14 ഇന്നിങ്സിൽ നിന്നുമായി 22.85 ശരാശരിയിൽ 360 റൺസാണ് കിഷൻ നേടിയത്.