റിയാദ്: റിയാദ് ബൊളിവാർഡ് സിറ്റിയിലെ അരീനയിൽ നടക്കുന്ന ലോകകപ്പ് ഇ-ഗെയിംസ് മത്സരങ്ങൾ കാണാൻ ലോകപ്രശസ്ത ബ്രസീലിയൻ ഫുട്ബാൾ താരവും അൽ ഹിലാൽ സൗദി ക്ലബ് ടീമംഗവുമായ നെയ്മർ എത്തി. ആഗോള ഇവൻറിന്റെ എല്ലാ ഭാഗങ്ങളും നെയ്മർ സന്ദർശിക്കുകയും വിവിധ മത്സരങ്ങളും പരിപാടികളും കാണുകയും ചെയ്തു. ടൂർണമെൻറുകളിൽ പങ്കെടുക്കുന്ന ബ്രസീലിയൻ ടീമുകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തു.
അതേസമയം ഗെയിമിങ്, ഇലക്ട്രോണിക് സ്പോർട്സ് മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറായ ഇ-സ്പോർട്സ് വേൾഡ് കപ്പിന്റെ ആദ്യ പതിപ്പിലെ മത്സരങ്ങൾ തുടരുകയാണ്. ജൂലൈ മൂന്നിന് ആരംഭിച്ച ടൂർണമെൻറ് ആഗസ്റ്റ് 25 വരെ തുടരും. അന്താരാഷ്ട്ര തലത്തിൽ 500ലധികം ക്ലബുകളെ പ്രതിനിധീകരിക്കുന്ന 1500ലധികം കളിക്കാർ ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്.
ഇ-സ്പോർട്സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സാമ്പത്തിക സമ്മാനങ്ങളാണ് 22 ടൂർണമെൻറുകളിലെ വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. മൊത്തം സമ്മാനങ്ങളുടെ മൂല്യം 60 ദശലക്ഷം ഡോളറാണ്.