ബംഗളൂരു: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നൽകുന്നത് എല്ലാ കായിക താരങ്ങൾക്കുമുള്ള വിജയമന്ത്രമാണെന്ന് ഒളിമ്പിക്സിനൊരുങ്ങുന്ന ഹോക്കി താരം പി.ആർ. ശ്രീജേഷ്. ‘ഒരിക്കലും വിട്ടുകൊടുക്കാതിരിക്കുക, അവസാന നിമിഷം വരെ പോരാടുക, അതിനു മുമ്പ് ആഘോഷിക്കാതിരിക്കുക’-ഇതാണ് ഇന്ത്യൻ ടീം നൽകുന്ന സന്ദേശമെന്ന് ശ്രീജേഷ് പറഞ്ഞു.
15ാം ഓവർവരെ ദക്ഷിണാഫ്രിക്ക വിജയത്തിനരികിലായിരുന്നു. എന്നാൽ, ഇന്ത്യൻ ടീം പ്രതീക്ഷ കൈവിട്ടില്ല. പരാജയത്തിന്റെ വക്കിൽനിന്ന് ഇന്ത്യ വിജയം തട്ടിയെടുക്കുകയായിരുന്നു -ശ്രീജേഷ് കൂട്ടിച്ചേർത്തു. ഹോക്കി ടീമിന് മാത്രമല്ല, ഒളിമ്പിക്സിൽ മത്സരിക്കുന്ന മുഴുവൻ താരങ്ങൾക്കും പ്രചോദനമാണ് ഇന്ത്യയുടെ ചരിത്ര വിജയം. ഒടുക്കംവരെ പോരാടിയാൽ വിജയം സുനിശ്ചിതമാണ്. ഒളിമ്പിക്സിൽ ഇക്കാര്യം താൻ ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.