ബോളിവുഡിൽ ഏറെ ആരാധകരുള്ള ഡയറക്ടറും ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ. കോഫി വിത്ത് കരൺ എന്ന അദ്ദേഹത്തിന്റെ ടെലിവിഷൻ ചാറ്റ് ഷോക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്. ഒത്തിരി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട് കരൺ. പുതിയ സിനിമ പ്രഖ്യാപിച്ച് ആരാധകരെ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ് അദ്ദേഹം. 52ാമത്തെ ജന്മദിനമായ ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ സിനിമ പ്ലാൻ പങ്കുവെച്ചത്.
നടൻ ടൈഗർ ഷ്രോഫിന്റെ അമ്മയും സിനിമ നിർമാതാവ് ഗുനീത് മോംഗയും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഫോളോവേഴ്സ് ഏറെ ആവേശത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇതും ഒരു ഷാറൂഖ് ഖാൻ സിനിമ തന്നെയല്ലേ എന്നും ചില ആരാധകർ കളിയാക്കി ചോദിച്ചിട്ടുണ്ട്.
സിനിമയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അൺടൈറ്റിൽഡ് നരേഷൻ ഡ്രാഫ്റ്റ് (പേരില്ലാത്ത ആഖ്യാന കരട്) ഡയറക്ടഡ് ബൈ കരൺ ജോഹർ എന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയിൽ നൽകിയിരിക്കുന്നത്.