കോഴിക്കോട്: അപകടങ്ങളില്‍ നമുക്ക് രക്ഷയായി ഓടിയെത്തുന്നവരാണ് ഫയര്‍ ഫോഴ്സ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കുമെല്ലാം അപകടം പിണഞ്ഞാല്‍ ഇവര്‍ ഓടിയെത്താറുണ്ട്. മനുഷ്യരായാലും മൃഗങ്ങളായാലും ജീവന്റെ വില നന്നായി അറിയുന്നവര്‍.
ഇപ്പോഴിതാ കോഴിക്കോട് മീഞ്ചന്തയില്‍ ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷയൊരുക്കിയിരിക്കുകയാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ജോലിക്കിടയില്‍ ചായ കുടിക്കാനിറങ്ങിയതായിരുന്നു മീഞ്ചന്ത ഫയര്‍ ഫോഴ്സ് ഓഫീസിലെ ഗ്രേഡ് സീനിയര്‍ ഓഫീസര്‍മാറായ കെകെ നന്ദകുമാറും പി ബിനീഷും. പെട്ടെന്നാണ് ഒരു കാക്ക ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇവര്‍ക്ക് മുന്നിലേക്ക് വീണത്. ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
ചലനമറ്റ് കിടന്ന കാക്കയ്ക്ക് വിരല്‍ കൊണ്ട് സിപിആര്‍. ഏതാനും നിമിഷത്തെ പരിശ്രമത്തിന് ഒടുവില്‍ കാക്കയ്ക്ക് പുനര്ജന്മം.പിന്നീട് തളര്‍ന്നിരുന്ന കാക്കയെ ഇരുവരും ഓഫീസിലേക്ക് കൊണ്ടുപോയി വെള്ളവും ഭക്ഷണവും കൊടുത്തു. നന്ദി സൂചകമായി ഫയര്‍ സ്റ്റേഷനിലെ പരിസരത്ത് അല്പനേരം ചുറ്റിക്കറങ്ങിയ കാക്ക വൈകാതെ പറന്നു പോയി. മനുഷ്യനായാലും മൃഗമായാലും ജീവന് വലിയ വില ഉണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ രക്ഷാ പ്രവര്‍ത്തനം.
The post ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷയായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ appeared first on Keralabhooshanam Daily.