ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടര്‍ന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള്‍ എംപി. ബിഭവ് കുമാര്‍ കേസില്‍ യുട്യൂബര്‍ ധ്രുവ് റാഠി ഏകപക്ഷീയമായ വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു.
”എന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടിയുടെ നേതാക്കളും അണികളും ചേര്‍ന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടര്‍ന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികള്‍ ലഭിക്കുന്നുണ്ട്. യുട്യൂബര്‍ ധ്രുവ് റാഠി എനിക്കെതിരെ ഏകപക്ഷീയമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാള്‍ ആംആദ്മി പാര്‍ട്ടിയുടെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നതും എനിക്കെതിരെ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.” സ്വാതി എക്സില്‍ കുറിച്ചു.
ധ്രുവ് റാഠിയുടെ വിഡിയോ കണ്ടതിനെത്തുടര്‍ന്ന് തന്റെ ഭാഗം വിശദീകരിക്കാന്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കിയില്ലെന്നും സ്വാതി പറഞ്ഞു. ഏകപക്ഷീയമാണ് ധ്രുവ് റാഠിയുടെ വിഡിയോ. സംഭവം നടന്നുവെന്ന് അംഗീകരിച്ചശേഷം ആംആദ്മി പാര്‍ട്ടി എന്തുകൊണ്ടാണ് യുടേണ്‍ എടുത്തത്? ആക്രമണത്തെ തുടര്‍ന്നാണ് എനിക്ക് പരുക്കുകളുണ്ടായതെന്നാണ് എംഎല്‍സി റിപ്പോര്‍ട്ട്. വിഡിയോയുടെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട് പിന്നീട് പ്രതിയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. അവിടേക്ക് വീണ്ടും എങ്ങനെ ബിഭവിന് പ്രവേശനം ലഭിച്ചു? എപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട, മണിപ്പുരില്‍പ്പോലും സുരക്ഷയില്ലാതെ തനിച്ചുപോയ സ്ത്രീയെ എങ്ങനെയാണ് ബിജെപിക്ക് വിലയ്ക്കെടുക്കാനായത് തുടങ്ങിയ കാര്യങ്ങള്‍ ധ്രുവ് റാഠിയുടെ വിഡിയോയില്‍ പരാമര്‍ശിക്കുന്നേയില്ലെന്നും സ്വാതി പറഞ്ഞു.
മേയ് 13ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര്‍ മര്‍ദിച്ചുവെന്നാണ് സ്വാതിയുടെ പരാതി. പരാതിയില്‍ അറസ്റ്റിലായ ബിഭവ് കുമാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പരാതി പിന്‍വലിക്കാന്‍ ആംആദ്മി പാര്‍ട്ടി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും സ്വാതി ആരോപിച്ചു.
The post ധ്രുവ് റാഠിയുടെ വിഡിയോ പുറത്തു വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടി: സ്വാതി മലിവാള്‍ appeared first on Keralabhooshanam Daily.