ബദൗൻ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബദൗനിൽ ടെമ്പോയും ട്രാക്ടറും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മുസ്രിയ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. നോയിഡയിൽ ജോലി ചെയ്തിരുന്നവർ ടെമ്പോയിൽ ദീപാവലി ആഘോഷത്തിനായി വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൻഹായ് (35), ഭാര്യ കുസുമം (30), മക്കളായ കാർത്തിക്, ഷീനു, മിർസാപൂർ സ്വദേശി അതുൽ (31) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുമെന്ന് ബദൗൻ ജില്ലാ മജിസ്ട്രേറ്റ് നിധി ശ്രീവാസ്തവ് പറഞ്ഞു.
ദേശീയപാതയിൽ തെറ്റായ ദിശയിൽ വന്ന ട്രാക്ടർ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടയിൽ പിന്നിൽ നിന്ന് വന്ന കാറും ഡിവൈഡറിൽ ഇടിച്ചു. എന്നാൽ, കാർ യാത്രികന് സാരമായ പരിക്കില്ല.
ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെമ്പോ തകർന്നു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ട്രാക്ടർ ഡ്രൈവർ ഒളിവിൽ പോയി.