ബംഗളൂരു: കൊലപാതക കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് കർണാടക ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാല് മാസം മുമ്പാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലാകുന്നത്. ദർശൻ തൂഗുദീപയുടെ സുഹൃത്ത് നടി പവിത്ര ഗൗഡയും മറ്റ് 15 പേരും രേണുകസ്വാമി വധക്കേസിൽ കൂട്ടുപ്രതികളാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്താനുള്ള കാരണത്താലാണ് കർണാടക ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. തുടർന്ന് ബുധനാഴ്ച ദർശൻ ജയിൽ മോചിതനായി.
ബുധനാഴ്ച രാവിലെ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ട് ആൾ ജാമ്യവും രണ്ട് ലക്ഷം രൂപകെട്ടിവെക്കുകയും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കുകയും വേണമെന്ന നിബന്ധനകൾ കോടതി വെച്ചിട്ടുണ്ട്.
ആരാധകനായ രേണുകസ്വാമി നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പവിത്ര ഗൗഡ സഹായം തേടിയതിനെ തുടർന്ന് നടൻ ദർശനും കൂട്ടാളികളും ചേർന്ന് രേണുക സ്വാമിയെ കെലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
ജൂൺ ഒമ്പതിന് സുമനഹള്ളിയിലെ അപ്പാർട്ട്മെന്റിന് സമീപമുള്ള വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. രേണുകസ്വാമിയുടെ മരണകാരണം ഷോക്കേറ്റും രക്തസ്രാവം മൂലവും ഒന്നിലധികം മുറിവുകൾ മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒന്നാം പ്രതിയായ പവിത്രയാണ് രേണുകസ്വാമിയുടെ കൊലപാതകത്തിന് പ്രധാന കാരണക്കാരൻ എന്ന് പോലീസ് പറഞ്ഞു.