ലഖ്നോ: ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ ഭൂമിത്തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ക്രൂരമായി കൊലപ്പെടുത്തി. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അനുരാഗ് (17) ആണ് കൊല്ലപ്പെട്ടത്. അനുരാഗിന്റെ തല വാൾ ഉപയോഗിച്ച് വെട്ടി മാറ്റുകയായിരുന്നു.
ഭൂമിത്തര്‍ക്കം സംഘർഷമായി മാറിയതോടെ കുറച്ചു പേര് അനുരാഗിനെ ആക്രമിക്കുകയായിരുന്നു. അനുരാഗിനെ ആഞ്ഞുവെട്ടിയതിനെ തുടർന്ന് ശിരസ്സ് തല്‍ക്ഷണം ഉടലില്‍നിന്ന് അറ്റുപോയി . അറ്റുപോയ മകന്റെ ശിരസ്സ് മടിയില്‍വെച്ച് അനുരാഗിന്റെ അമ്മ മണിക്കൂറുകളോളം കരയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിന് ശേഷം അനുരാഗിനെ വെട്ടിയ ലാല്‍ത യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന് രമേശിനായി തിരച്ചില്‍ തുടരുകയാണ്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അസംഗഡ് ജില്ലയിലെ കബിറുദ്ദീന്‍ ഗ്രാമത്തില്‍ രാംജീത് യാദവും ലാല്‍ത യാദവും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അജയ്പാല്‍ ശര്‍മ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു