കോമഡി ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായി നടൻ ഷാറൂഖ് ഖാൻ. എന്നാൽ കോമഡി ചിത്രങ്ങൾ തന്നെ തേടി എത്താറില്ലെന്നും എസ്. ആർ.കെ കൂട്ടിച്ചേർത്തു. കോമഡി പോലെ ഹൊറർ ചിത്രം ചെയ്യാനും തനിക്ക് താൽപര്യമുണ്ടെന്നും നടൻ വ്യക്തമാക്കി.
‘സത്യസന്ധമായി പറഞ്ഞാൽ, ആളുകളെ ചിരിപ്പിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷെ ആളുകൾക്ക് ഞാൻ പറയുന്ന നർമം പലപ്പോഴും മനസിലാകാറില്ലെന്നാണ് എന്റെ ടീം അംഗങ്ങൾ പറയുന്നത്. ഇപ്പോഴത്തെ ജനങ്ങൾ വളരെ സെൻസിറ്റീവായി മാറിയിരിക്കുന്നു. അവർ നർമത്തിൽ അസ്വസ്ഥരാവുന്നു. ഇന്നത്തെ കാലത്ത് നർമ്മബോധം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നു.
ഒരു നടൻ എന്ന നിലയിൽ, ഹാസ്യം ചെയ്തു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുപോലെ സൂക്ഷിക്കേണ്ടതുമാണ്. ഹൊറർ സിനിമ ചെയ്യാനും ഞാൻ വളരെ ഇഷ്ടപ്പെടുന്നുണ്ട്. ആരെങ്കിലും ഈ ജോണർ ചിത്രങ്ങളുമായി സമീപിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു’- ഷാറൂഖ് ഖാൻ പറഞ്ഞു.
പോയവർഷം ഉഗ്രൻ ആക്ഷൻ ചിത്രങ്ങളാണ് ഷാറൂഖ് ഖാൻ ബോളിവുഡിന് നൽകിയത്. 2023 ൽ പുറത്തിറങ്ങിയ ജവാനും പത്താനും വൻ വിജയമായിരുന്നു. കിങ് ആണ് അണിയറയിൽ ഒരുങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രം.