കൊച്ചി: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം. പാലാരിവട്ടം റിനൈ കൊളോസിയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച നഗരത്തിൽ വിളംബര ജാഥ നടന്നു. വെള്ളിയാഴ്ച രാവിലെ 10ന് വ്യവസായ മന്ത്രി പി. രാജീവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയും ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയുമാകും. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30 ന് സാംസ്കാരിക സായാഹ്നം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. സംവിധായകൻ വിനയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രഫ. എം.കെ. സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി. രാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി നടക്കും.
19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എം.പി, ഉമ തോമസ് എം.എൽ.എ, പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.