കോഴിക്കോട്: ബൈത്തുസ്സകാത് കേരള 25ാം വാർഷിക പരിപാടികളുടെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി തങ്ങൾ നിർവഹിച്ചു. ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി ടി.ജെ. ഫവാസ്, എക്സി. കമ്മിറ്റി അംഗം സി.പി. ഹബീബ് റഹ്മാൻ, പ്രോജക്ട് കോഓഡിനേറ്റർ മുഹമ്മദ് ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.
വാർഷിക പരിപാടിയുടെ ഉദ്ഘാടനവും 25 വീടുകളുടെ പ്രഖ്യാപനവും ഒക്ടോബർ 14ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ഭവന നിര്‍മാണം, തൊഴില്‍ പദ്ധതികള്‍, ചികിത്സ, സ്കോളര്‍ഷിപ്, കുടിവെള്ള പദ്ധതി, പെന്ഷന്, കടബാധ്യത തീര്‍ക്കല്‍ തുടങ്ങി വിവിധ മേഖലകളിലായി അരലക്ഷത്തോളം ദരിദ്രർക്ക് ഇതിനകം സഹായം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.