നെടുമങ്ങാട്: വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുല്ലമ്പാറ കൂനൻവേങ്ങ വയ്യക്കാവ് വി.ടി ഹൗസിൽ തുഷാന്ത്(27)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് പുലർച്ച പനവൂർ ഏരുമല കല്ലുവിളവീട്ടിൽ ഗീത(48)യെയാണ് പ്രതി വീട്ടിൽകയറി വെട്ടിയത്. ഇവരുടെ വീടിന്റെ സമീപത്തുവന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ഗീതയുടെ മകന്റെ മാല വലിച്ചുപൊട്ടിക്കുകയും ചെയ്തത് പ്രതിയുടെ അമ്മയോട് പറഞ്ഞതിനുള്ള വിരോധത്തിലായിരുന്നു ആക്രമണം. പുലർച്ച 3.15ന് പരാതിക്കാരിയുടെ ഏരുമല കല്ലുവിളവീട്ടിൽ അതിക്രമിച്ചുകയറി പരാതിക്കാരിയെ വാളുകൊണ്ട് വെട്ടി കൊല്ലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ട് കൈകൊണ്ട് തടഞ്ഞതിലൂടെ വലുത് കൈത്തണ്ടയിൽ രണ്ടിടത്ത് ഗുരുതര മുറിവേറ്റു. സംഭവങ്ങൾക്ക് ശേഷം പ്രതി ഒളിവിൽപോവുകയായിരുന്നു.
തുടർന്ന് പ്രതിയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ കടയ്ക്കൽ കാര്യറയുള്ള ബന്ധുവീട്ടിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.