മഞ്ചേരി: പ്രതികൂല കാലാവസ്ഥയെതുടർന്ന് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സി-ഫോഴ്സ കൊച്ചി മത്സരം ഉപേക്ഷിച്ചു. പയ്യനാട് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരമാണ് ഒഴിവാക്കിയത്. ഇതോടെ ഇരുടീമുകളും ഓരോ പോയന്റ് പങ്കിട്ടു. മൈതാനം കളിക്കാൻ യോഗ്യമല്ലെന്നും താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലാണെന്നും മനസ്സിലാക്കി മാച്ച് കമീഷനർ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
നിർണായക മത്സരം ഉപേക്ഷിച്ചത് മലപ്പുറത്തിന് തിരിച്ചടിയായി. ആദ്യ നാലിലെത്താനുള്ള അവസരവും നഷ്ടമായി. ഒമ്പത് പോയന്റുമായി കൊച്ചി മൂന്നാമതും ആറ് പോയന്റുമായി മലപ്പുറം അഞ്ചാമതും തുടരും. ഈ മാസം 12ന് കാലിക്കറ്റ് എഫ്.സിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. 13ന് കണ്ണൂർ വാരിയേഴ്സുമായി ഫോഴ്സ കൊച്ചി ഏറ്റുമുട്ടും. പേടിഎം ആപ് വഴി ടിക്കറ്റ് എടുത്തവർക്ക് തിരിച്ച് പണം അക്കൗണ്ട് വഴി ലഭ്യമാകും. സ്റ്റേഡിയത്തിലെ കൗണ്ടർ വഴി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകാനും സൗകര്യമൊരുക്കി.