തിരുവനന്തപുരം: വിജയസാധ്യതകള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ സിറ്റിങ് എംപി അടൂര്‍ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ചവച്ച സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയെ പിന്തള്ളിയാണ് അടൂര്‍ പ്രകാശിന്റെ വിജയം. മൂന്നാം സ്ഥാനത്തായെങ്കിലും, മണ്ഡലത്തിന്റെ ചരിത്രത്തില്‍ എന്‍ഡിഎയ്ക്കായി ഏറ്റവും കൂടുതല്‍ വോട്ടുകളെന്ന റെക്കോര്‍ഡുമായി കേന്ദ്രമന്ത്രി വി.മുരളീധരനും കടുത്ത പോരാട്ടം കാഴ്ചവച്ചു.
വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ജോയിയുടെയും അടൂര്‍ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന് ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന് പിടിച്ച വോട്ടുകളെക്കാള്‍ കൂടുതല്‍ മുരളീധരന് നേടി. ഇതോടെയാണ് മത്സരം കടുത്തത്. അവസാന നിമിഷം വരെ മുന്നിലായിരുന്ന വി.ജോയിയെ, ക്ലൈമാക്സില്‍ പിന്നിലാക്കിയാണ് അടൂര്‍ പ്രകാശ് ആവേശ ജയം പിടിച്ചെടുത്തത്. അടൂര്‍ പ്രകാശിന്റെ വിജയത്തോടെ, ഇത്തവണയും ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങുമെന്ന് ഉറപ്പായി.
പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് ആറ്റിങ്ങലിലെത്തിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന കാലമായതിനാല്‍ വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായി. മുന്‍ തിരഞ്ഞെടുപ്പില്‍ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകള്‍ ശോഭ 248081 വോട്ടായി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകള്‍. അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം 38247 വോട്ട്.
വോട്ട് വിഹിതം വര്‍ധിച്ചതോടെ മണ്ഡലത്തില്‍ ബിജെപിയുടെ താല്പര്യം വര്‍ധിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരന് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.
The post കേരളം: യുഡിഎഫ് 18, എല്‍ഡിഎഫ് 1, ബിജെപി 1; അവസാന ലാപ്പില്‍ വി.ജോയിയെ പിന്തള്ളി ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് appeared first on Keralabhooshanam Daily.