ഇസ്രായേൽ കുരുതിക്കെതിരെ റഫയിലെ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളിയിലെ വിവാഹപ്പന്തലിൽ വധൂവരൻമാർ. ഇവർക്ക് പിന്തുണയുമായി ചടങ്ങിനെത്തിയ യുവതലമുറയും. കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളിൽ ഞായറാഴ്ച വിവാഹിതരായ മുഫ്സിന ലുബൈബയും അബ്ദുൽ അസീസുമാണ്, ഫലസ്തീൻ സോളിഡാരിറ്റി ഫോറം ആഹ്വാനം ചെയ്ത കാൻഡിൽ ഫോർ ഫലസ്തീൻ കാമ്പയിനിൽ വിവാഹപ്പന്തലിൽവെച്ചുതന്നെ പങ്കാളികളായത്. കാഞ്ഞിരപ്പള്ളി പുതുമംഗലത്ത് ഫസൽ ഹഖ് – സജിന ദമ്പതികളുടെ മകളാണ്, പാലക്കാട് ആയുർവേദ കോളജിലെ ബി.എ.എം.എസ് വിദ്യാർഥിനി മുഫ്സിന. അബ്ദുൽ അസീസ്, ഒന്നാംമൈൽ പുതുമനയിൽ അബ്ദുൽ സലീം – ഷംല ദമ്പതികളുടെ മകനും. എറണാകുളം ഹൈകോടതി ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി വിവാഹ സന്ദേശം നൽകി.