കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നാളെ ബി.ജെ.പി വരില്ലെന്ന് പറയുന്നില്ല. പക്ഷേ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എൻ.ഡി.എക്ക് സാധ്യതയില്ല. എത്രയോ തവണ എക്സിറ്റ് പോൾ തെറ്റിയിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തിലെത്തി നടത്തുന്ന ആഭാസങ്ങളിൽ ജനങ്ങൾക്ക് പുച്ഛമാണെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാധാരണക്കാർപോലും അദ്ദേഹത്തിന്റെ പൂജയും കാര്യങ്ങളും ഉൾക്കൊള്ളുന്നില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോളിൽ പറയുന്നത് ജനമനസ്സറിഞ്ഞിട്ടല്ല. പകരം അവരുടെ പ്രചാരണം കണ്ടിട്ടാണ്.
‘ഇൻഡ്യ’ മുന്നണിയുടെ ആത്മാവ് വരാൻ പോകുന്നതേയുള്ളൂ. എത്ര സീറ്റ് കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ല. ഇന്നലെവരെ മുന്നണി എത്രമാത്രം പിന്നിലായിരുന്നോ അത് ഒരുപാട് മുന്നോട്ടുപോയതായി ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ മനസ്സിലാകുമെന്നും കെ. സുധാകരൻ പറഞ്ഞു.