ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടമണിഞ്ഞ് സിറ്റി എക്സ്ചേഞ്ച് എഫ്.സി. ദോഹ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ആവേശപ്പോരാട്ടത്തിൽ എം.ബി.എം കെയർ ആൻഡ് ക്യൂറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് സിറ്റി വീണ്ടും ഖത്തറിലെ ഇന്ത്യൻ ഫുട്ബാളിലെ രാജാക്കന്മാരായി വാണത്. പ്രവാസി ഇന്ത്യക്കാരും, ഫുട്ബാൾ പ്രേമികളുമെല്ലാം കാണികളായെത്തിയ ഫൈനലിൽ കളിയുടെ 10ാം മിനിറ്റിലായിരുന്നു വിജയ ഗോളിന്റെ പിറവി. ഫ്രീക്കിക്കിൽനിന്നും തുടങ്ങിയ നീക്കം, എതിർ ഗോളിയുടെ സേവിൽ റീബൗണ്ട് വന്നപ്പോൾ വീണ്ടും അടിച്ചു കയറ്റി സെന്തമിഴ് ചെമ്പകം സിറ്റിയുടെ വിജയം ഉറപ്പിച്ചു.