തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവത്തില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് ?ഗുരുതര വീഴ്ച. പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നുസൈബ(56)യുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സംഭവം വിവാദമായതോടെ, വീട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരികെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോ?ഗമിക്കുന്നത്
ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. തുടര്‍ന്ന് രാവിലെയോടെ നുസൈബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ആശുപത്രി അധികൃതര്‍ വീട്ടുകാര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
മരിച്ച വിവരം പോലീസിനെ അറിയിക്കുന്നതിലും ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റി. ഇത്തരത്തിലുള്ള മരണങ്ങള് സംഭവിച്ചാല്‍ പോലീസിനെ അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ പാടുള്ളൂവെന്നുമാണ് നിയമം. എന്നാല്‍ ഇതെല്ലാംമെഡിക്കല് കോളേജ് അധികൃതര്‍ കാറ്റില്‍ പറത്തി. മെഡിക്കല്‍ കോളേജില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പിന്നീടുള്ള നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍തന്നെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ഇവര്‍ പ്രത്യേകം ആവശ്യപ്പെട്ടതുമില്ല.
സെയിന്‍ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് 178 പേരാണ് കഴിഞ്ഞദിവസം ചികിത്സ തേടിയത്. ആശുപത്രികളില്‍ കഴിയുന്നവര്‍ പലരും അപകടനില തരണംചെയ്തെങ്കിലും മിക്കവരും നിരീക്ഷണത്തിലാണ്. പലരുടെയും ഛര്‍ദിയും വയറിളക്കവും മാറിയിട്ടില്ല. ഇവിടെനിന്ന് ഭക്ഷണം കഴിച്ചുപോയ ദീര്‍ഘദൂരയാത്രക്കാരും ചികിത്സ തേടിയതായി പറയുന്നു. ആഴ്ചാവസാനവും അവധിക്കാലവും ആയതിനാലാകാം എണ്ണം കൂടിയതെന്നാണ് നിഗമനം.
അതേസമയം, ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎല്‍എ ഇടി ടൈസണ്‍ പറഞ്ഞു. ആറുമാസം മുന്‍പ് രണ്ട് പേര്‍ക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടല്‍ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു.
The post ഭക്ഷ്യവിഷബാധ: തൃശ്ശൂര്‍ മെഡി.കോളേജിനു ഗുരുതര വീഴ്ച,മൃതദേഹം വിട്ടുകൊടുത്തത് പോസ്റ്റുമോര്‍ട്ടം ചെയ്യാതെ appeared first on Keralabhooshanam Daily.