തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എന്നിവരുടെ രാജ്യസഭയിലെ കാലാവധിയാണ് അവസാനിക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ നിയമസഭയില്‍ 99 അംഗങ്ങള്‍ എല്‍ഡിഎഫിനും അവശേഷിക്കുന്ന സീറ്റുകള്‍ യുഡിഎഫിലുമാണ്. അതിനാല്‍ മൂന്ന് സീറ്റുകളില്‍ 2 എണ്ണത്തില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവും. അവശേഷിക്കുന്ന സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ജയസാധ്യത. എന്നാല്‍ സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും നിലവില്‍ എല്‍ഡിഎഫില്‍ നിന്നുള്ളവരാണ്. നേരത്തെ ജോസ് കെ മാണി രാജ്യസഭാംഗമായ ശേഷമാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് മുന്നണി വിട്ടത്. സിപിഐയും സിപിഎമ്മുമാണ് പതിവായി ഈ രാജ്യസഭാ സീറ്റുകളില്‍ മത്സരിക്കാറുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എമ്മും, എംവി ശ്രേയാംസ് കുമാറിനായി ആര്‍ജെഡിയും രാജ്യസഭാംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ അന്നേ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാല്‍ ഇപ്പോള്‍ ഒഴിവുവരുന്ന സീറ്റില്‍ യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക.
The post കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂണ്‍ 25 ന് നടക്കും appeared first on Keralabhooshanam Daily.