അന്റ്വേർപ് (ബെൽജിയം): എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗിൽ അർജന്റീനക്കെതിരെ വിജയം തുടർന്ന് ഇന്ത്യൻ പുരുഷ ടീം. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക് മികവിൽ 5-4നായിരുന്നു ജയം. 29, 50, 52 മിനിറ്റുകളിലായിരുന്നു ഹർമന്റെ ഗോളുകൾ.
ഏഴാം മിനിറ്റിൽ അരൈജീത് സീങ് ഹുൻഡാലും 18ൽ ഗുർജന്ത് സിങ്ങും പട്ടിക പൂർത്തിയാക്കി. 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയന്റുമായി ഇന്ത്യ നെതർലൻഡ്സിന് (26) പിറകിൽ രണ്ടാം സ്ഥാനത്താണ്. ജൂൺ ഒന്നിന് ജർമനിയെ നേരിടും.
അതേസമയം, വനിതകൾക്ക് വീണ്ടും തോൽവി പിണഞ്ഞു. അർജന്റീനയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർന്നത്. 12 മത്സരങ്ങളിൽ എട്ട് പോയന്റുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ. ജൂൺ ഒന്നിന് വനിതകളും ജർമനിയുമായി ഏറ്റുമുട്ടും.