മനാമ:ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നതോടെ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും
പ്രവാസികൾക്കുമായി ഹോട്ട് ലൈൻ ഏർപ്പെടുത്തി തൊഴിൽ മന്ത്രാലയം. 32265727 എന്ന നമ്പറിൽ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ റിപ്പോർട്ട് ചെയ്യാമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഒക്യുപേഷനൽ സേഫ്റ്റി ഡയറക്ടർ മുസ്തഫ അഖീൽ അബ്ദുല്ല അൽ ശൈഖ് അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് കെട്ടിടങ്ങൾക്ക് വെളിയിലും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഈ സമയം തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇവ പരിശോധിക്കാൻ കൂടുതൽ ഇൻസ്പെക്ടർമാരെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ മൂന്നു മാസത്തിൽ കൂടാതെയുള്ള തടവുശിക്ഷയോ, 500 ദീനാർ മുതൽ 1000 ദീനാർ വരെ പിഴയോ ഈ രണ്ടുശിക്ഷകളും ഒരുമിച്ചും
ലഭിച്ചേക്കാം.