ദോഹ: പത്താമത് ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമിയിൽ മത്സരിക്കുന്ന ടീമുകളുടെ ലൈനപ്പായി. തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമിയിൽ എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സി, ലാൻഡ് റോയൽ മാക് എഫ്സിയെ നേരിടും. 28ന് രണ്ടാം സെമിയിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഗ്രാൻഡ് മാൾ എഫ്.സിയുമായും ഏറ്റുമുട്ടും.
വെള്ളിയാഴ്ച നടന്ന പ്ലേഓഫ് മത്സരങ്ങളിലൂടെയാണ് ലാൻഡ് റോയൽ മാക്കും ഗ്രാൻഡ് മാളും സെമിയിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ് ചാമ്പ്യന്മാരായി എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സിയും സിറ്റി എക്സ്ചേഞ്ച് എഫ്.സിയും നേരത്തെ സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗ്രാൻഡ് മാൾ എഫ്.സി, ക്രെസ്റ്റൺ എസ്.വി.പി ഒലെ എഫ്.സിയെ പരാജയപ്പെടുത്തി സെമിയിലേക്ക് യോഗ്യത നേടിയത്. മാൻ ഓഫ് ദ മാച്ച് ആയി ഗ്രാൻഡ് മാൾ എഫ്സിയുടെ റിഷാദ് തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലാൻഡ് റോയൽ മാക് എഫ്.സി, ടൊറോന്റോ എൽ.ബി മാഗ്ലൂർ എഫ്.സിയെ പരാജയപ്പെടുത്തി സെമിയിലേക്ക് പ്രവേശിച്ചു. അത്യന്തം വാശിയേറിയ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു തുല്യത പാലിച്ചു. എന്നാൽ കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാക് ലീഡ് ഉയർത്തി. പിന്നീട്, ബോക്സിനുള്ളിലെ ഫൗളിന് ലഭിച്ച പെനാൽറ്റി സ്കോർ ചെയ്ത് മാക് തങ്ങളുടെ ഗോളുകളുടെ എണ്ണം മൂന്നാക്കി.