തിരുവനന്തപുരം: ഇന്‍ഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പരക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ .ടൂറിസം മേഖലയുടെ വികസനത്തില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ ,ഹൗസ് ബോട്ടുകള്‍, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാല്‍ ടൂറിസം മേഖലയിലെ സ്റ്റേക് ഹോള്‍ഡേഴ്സിന്റെ പ്രതിനിധികളുടെ മീറ്റിങ്ങുകള്‍ കൃത്യമായ ഇടവേളകളില്‍ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ക്കാറുള്ളതാണ്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സ്റ്റേക് ഹോള്‍ഡേഴ്സിന്റെ യോഗം 21/ 5/2024ന് ടൂറിസം ഡയറക്ടര്‍ വിളിച്ച് ചേര്‍ത്തത് .ഇപ്രകാരം യോഗം വിളിച്ചു ചേര്‍ത്തത് ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല.
യോഗത്തില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളില്‍ നിന്ന് തന്നെ ഇത് ബാര്‍ ഉടമകളുടെ മാത്രമായതോ , സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.വെഡിങ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ ഉയര്‍ത്തുന്നതിന് നേരിടുന്ന തടസ്സങ്ങള്‍,MICE ടൂറിസത്തിന് നേരിടുന്ന പ്രശ്നങ്ങള്‍, ദീര്‍ഘകാലമായി ടൂറിസം ഇന്‍ഡസ്ട്രി നേരിടുന്ന പ്രശനങ്ങള്‍ തുടങ്ങിയവയാണ് യോഗത്തില്‍ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവര്‍ ഉന്നയിച്ച വിഷയങ്ങള്‍.
ഈ വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ശുപാര്‍ശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റില്‍ നിന്നും സര്‍ക്കാരിലേക്ക് നല്‍കിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഡയറക്ടറുടെ തലത്തില്‍ യോഗങ്ങള്‍ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോള്‍ഡര്‍ മീറ്റിംഗ് മാത്രമാണ് 21/ 5 /2024ന് കൂടിയിട്ടുള്ളത്. യോഗ നോട്ടീസില്‍ വിഷയം ചുരുക്കി പരാമര്‍ശിക്കേണ്ടത് ഉള്ളതിനാല്‍ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളില്‍ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തില്‍ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല. ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാര്‍ത്തകളുമായോ, ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ല എന്നും ടൂരിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
The post മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്ന് ടൂറിസം ഡയറക്ടര്‍,ഒരു ശുപാര്‍ശയും സര്‍ക്കാരിന് നല്‍കിയിട്ടില്ല appeared first on Keralabhooshanam Daily.