ഗര്‍ഭകാലത്ത് സിനിമാ പ്രമോഷനും മറ്റുമായി ആവേശത്തോടെ ഓടി നടക്കുന്നതിന്റെ രഹസ്യം പങ്കുവച്ച് നടി അമല പോള്‍. അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അമല. മുമ്പത്തേക്കാളേറെ സ്നേഹവും പരിഗണനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്, അത് ആസ്വദിക്കുന്നു. അത് തരുന്ന ഊര്‍ജം വലിയ കാര്യമാണെന്നും അമല പറയുന്നു.
‘ഗര്‍ഭകാലത്തെക്കുറിച്ച് നല്ലൊരു സന്ദേശം പകരാനും കൂടിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗര്‍ഭകാലം എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമായോ ടാസ്ക് ആയോ എനിക്ക് തോന്നിയിട്ടില്ല, ഈ സമയത്ത് ആക്ടീവ് ആയിരിക്കാനാണ് എനിക്ക് തോന്നുന്നത്, മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ വെറുതേ വീട്ടിലിരുന്ന് ചിന്തിച്ച് കൂട്ടേണ്ടെ കാര്യമില്ല. ഗര്‍ഭിണി ആയതിന് ശേഷമാണ് എന്റെ പല ചിത്രങ്ങളുടെയും പ്രമോഷനും റിലീസുമെല്ലാം വരുന്നത്. അതെല്ലാം ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നു’- അമല പറയുന്നു.
ലെവല്‍ ക്രോസിലൂടെ ഗായികയായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല. ചിത്രത്തിനായി വിശാല്‍ ചന്ദ്രശേഖര്‍ ഈണം നല്കിയ ഗാനം പാടിയ അനുഭവവും അമല പങ്കുവച്ചു. ‘ഒമ്പതാം മാസത്തിലാണ് ഞാനീ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. ഭയങ്കര ആവേശത്തിലാണ് സത്യത്തില്‍. ആ ക്രെഡിറ്റ് എന്റെ കുഞ്ഞുമായി പങ്കുവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ പള്ളിയിലെ ഗായകസംഘത്തിലെ അംഗമായിരുന്നു. എന്റെ അമ്മയും നിനക്ക് പാടിക്കൂടേ എന്ന് എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട് അത്ര വലിയ ഗായിക ഒന്നുമല്ലെങ്കിലും.’
‘ലെവല്‍ ക്രോസിന്റെ സംവിധായകന് അര്ഫാസിനും സംഗീത സംവിധായകന് വിശാലിനും ഞാന്‍ നന്ദി പറയുന്നു. ടുണീഷ്യയിലെ ഷൂട്ടിങ്ങ് ബ്രേക്കിനിടയ്ക്ക് ഞാന്‍ മൂളിപ്പാട്ട് പാടുന്നത് കേട്ടിട്ടാകണം ഒരു പാട്ട് ഈ സിനിമയില്‍ പാടിക്കൂടെ എന്ന് അര്‍ഫാസ് ചോദിക്കുന്നത്. എന്നാല്‍ ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നത് കൊണ്ട് പിന്നീടാവാം എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് ഷൂട്ട് തീര്‍ന്നു, എന്റെ വിവാഹം കഴിഞ്ഞു, ഞാന്‍ ഗര്‍ഭിണി ആയി. പിന്നീടെന്റെ ഒമ്പതാം മാസത്തിലാണ് അര്‍ഫാസ് വീണ്ടും പാട്ട് പാടിക്കൂടെ എന്ന ചോദ്യവുമായി എത്തുന്നത്, എന്തോ വല്ലാത്ത ധൈര്യവും ആത്മവിശ്വാസവും അന്നേരം എനിക്ക് തോന്നി. അങ്ങനെയാണ് ലെവല്‍ ക്രോസിലെ ഗായികയായി മാറുന്നത്.’
അമല പോളിന് പുറമേ ആസിഫ് അലി, ഷറഫുദ്ദീന് എന്നിവരാണ് ‘ലെവല്‍ ക്രാേസി’ല്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ വിശാല്‍ ചന്ദ്രശേഖറാണ്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവല്‍ ക്രോസിന്റെ നിര്‍മാണം അഭിഷേക് ഫിലിംസ് ആണ്.
The post ഗര്‍ഭകാലം വലിയ ടാസ്ക് അല്ല, മുമ്പത്തേക്കാളേറെ സ്നേഹവും പരിഗണനയും ലഭിക്കുന്നു- അമല പോള്‍ appeared first on Keralabhooshanam Daily.