വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ശേഷിക്കെ കൊടുമ്പിരിക്കൊണ്ട് പ്രചാരണം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സർവേകൾ വ്യക്തമാക്കുന്നു. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ചാഞ്ചാടി നിൽക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നതാണ് സ്ഥിതി.
വിസ്കോൺസൻ, മിനിസോട, മിഷിഗൻ, നോർത് കരോലൈന എന്നിവിടങ്ങളിൽ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാർഥികളെ സമ്മർദത്തിലാക്കുന്നത്. ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയിൽ ദേശീയതലത്തിൽ കമല ഹാരിസിന് നേരിയ മുൻതൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.
ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ട്രംപ് മുന്നിലാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പെൻസൽവേനിയയിൽ ഒരു പോയന്റിൽ താഴെയാണ് ട്രംപിന്റെ ലീഡ്. നോർത് കരോലൈനയിൽ ഒരു പോയന്റിന്റെയും ജോർജിയയിലും അരിസോണയിലും രണ്ട് പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്. അതേസമയം, നെവാദ, വിസ്കോൺസൻ, മിഷിഗൻ എന്നിവിടങ്ങളിൽ കമലയുടെ ലീഡ് ഒരു പോയന്റിൽ താഴെയാണ്. പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചത്. അതേസമയം, തുടക്കത്തിൽ നേടിയ മികച്ച ലീഡ് പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾ ഇടിഞ്ഞത് ഡെമോക്രാറ്റ് ക്യാമ്പിൽ ആശങ്ക പരത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കൊമേഡിയനായ ടോണി ഹിഞ്ച്ക്ലിഫ് പ്യൂർട്ടോറിക്കോയെ ഒഴുകുന്ന മാലിന്യ ദ്വീപ് എന്ന് വിശേഷിപ്പിച്ചത് ട്രംപ് ക്യാമ്പിന് തിരിച്ചടിയായിട്ടുണ്ട്. ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർട്ടി.
അതേസമയം, കഴിഞ്ഞ ദിവസം ട്രംപിന്റെ അനുയായികളെ ‘മാലിന്യം’ എന്ന് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചതിനെതിരെ ട്രംപ് ക്യാമ്പ് രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിനോ സംഘടനയുമായി സൂമിൽ നടന്ന പരിപാടിയിൽ പ്യൂർട്ടോറിക്കോയെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് അനുകൂലികളാണ് മാലിന്യമെന്ന് ബൈഡൻ പറഞ്ഞത്.