ഇടുക്കി: ഭൂജലസ്രോതസുകളുടെ സമ്പൂർണ വിവരശേഖരണ പരിപാടിയായ ‘വെൽ സെൻസസ്’ സംസ്ഥാനതല പരിപാടിക്ക് തുടക്കമായി. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരുന്ന ഇക്കാലത്ത് ജലത്തിന്റെ പ്രാധാന്യം സംബന്ധിച്ച അറിവ് പരമാവധി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ഉൽഘാടനം നിർവഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലവിലെ ജലസ്രോതസുകളെ പാഴാക്കാതിരിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
സെൻസസ് പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ ‘നീരറിവ്’എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുക. പ്രവർത്തകർ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും നേരിട്ടെത്തി കിണറുകൾ , കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ, ഓലി തുടങ്ങിയ എല്ലാ ഭൂജല സ്രോതസ്സുകളുടെയും വിവരങ്ങൾ ശേഖരിക്കും. തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് ആദ്യഘട്ടമായി സർവേ ആരംഭിക്കുന്നത്. ഭൂജലവകുപ്പ് ഡയറക്ടർ ഡി.ധർമ്മലശ്രീ, സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഡയറക്ടർ ഡോ.അരുൺ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.