അമ്പലവയൽ: വിൽപനക്ക് സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ പി.എ. മുഹമ്മദ് ഫറൂഖ് (24), സുൽത്താൻ ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ പി.എം. അജ്മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ വീട്ടിൽ കെ. ശരത്ത് രാജ് (24) എന്നിവരെയാണ് അമ്പലവയൽ പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഇവരിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 1.82 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശരത്ത് രാജിന്റെ തൊവരിമല മാനിവയലിലെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.