ബഹ്റൈൻ: പ്രവാസികളുടെ സുരക്ഷയും നിയമപരിരക്ഷയും മുൻനിർത്തി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിൽ ദുരിതത്തിലായ കൊൽക്കത്ത സ്വദേശിയായ ദേവാശിഷ് മണ്ഡലിന്റെ രക്ഷകരായി. ഒരു ലക്ഷത്തോളം രൂപ ഏജന്റിന് നൽകി വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ ശേഷമാണ് ദേവാശിഷ് താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയത്. കഴിഞ്ഞവർഷം നവംബറിൽ ആണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. തുടർന്ന് ജോലിയും താമസസൗകര്യവും ഇല്ലാതെ കഷ്ടപ്പെട്ട അദ്ദേഹത്തെ പ്രവാസി ലീഗൽ സെല്ലിന്റെ ഗവർണിങ്ങ് കൗൺസിൽ മെമ്പർ ശ്രീ മുഹമ്മദ് സലീം ആണ് ഇന്ത്യൻ എംബസിയുടെയും, ബഹ്റൈൻ ഇമിഗ്രേഷൻ വകുപ്പിന്റെയും സഹായത്തോടെ നാട്ടിലേക്ക് എത്തിക്കുവാൻ കളമൊരുക്കിയത്. ഒപ്പം ചില അഭ്യുദയകാംക്ഷികളും സഹായത്തിനെത്തി.തുടർന്ന് ജൂൺ നാലാം തീയതി അദ്ദേഹം തിരിച്ച് ബോംബെയിലേക്ക് മടങ്ങി.
ശ്രീ ദേവാശിഷ് മണ്ഡലിന്റെ തിരിച്ചുപോക്കിന് സഹായിച്ച ബഹ്റൈനിലെ ഇന്ത്യൻ എംബസി അധികൃതർക്കും, ഇമിഗ്രേഷൻ വകുപ്പ് അധികൃതർക്കും പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ശ്രീ സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.