മനാമ : ജനകീയ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, അവയെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാൻ ആണ് അധികാരികൾ ശ്രമിക്കുന്നത് എങ്കിൽ ശക്തമായ പ്രതിരോധങ്ങൾ ഉണ്ടാകുമെന്നും,അവയെ നേരിടാൻ സർക്കാരിന് സാധിക്കില്ല എന്നും ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലെ പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥരും, ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും ചേർന്ന് അക്രമവും, അഴിമതിയും കാണിച്ചാൽ അവയെ ചോദ്യം ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനെ അടിച്ചമർത്താം എന്നാണ് പോലീസും, ഭരണകർത്താക്കളും
മോഹിക്കുന്നത് എങ്കിൽ കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത ശക്തമായ പ്രതിരോധമായി യൂത്ത് കോൺഗ്രസ്സും, കോൺഗ്രസ്സും കേരളത്തിലെ തെരുവുകളിൽ ഉണ്ടാവും കേരളത്തിൽ ഭരണകക്ഷിയുടെ എം എൽ എ പോലും കേരളത്തിൽ ജീവിക്കാൻ തോക്ക് ലൈസൻസ് വേണം എന്ന ആവശ്യവുമായി ജില്ലാ പോലിസ് മേധാവികളെ സമീപിച്ചതിൽ നിന്നും കേരളത്തിലെ ക്രമസമാധാനം എത്രമാത്രം തകർന്ന് കിടക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയം ഇത് വരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല എന്നതാണ് അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ കാണിക്കുന്നത്. ഇനിയും യൂത്ത് കോൺഗ്രസ് നേതാക്കളെയും,പ്രവർത്തകരെയും കായികമായി നേരിടാൻ ആണ് പോലീസ് ശ്രമിക്കുന്നത് എങ്കിൽ കെ പി സി സി യും,പോഷക സംഘടനകളും കൈയും കെട്ടി നോക്കി ഇരിക്കില്ല .പോലീസ് അക്രമത്തിൽ ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, അക്രമത്തിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും അഭിപ്രായപെട്ടു.