തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീട് ഒരുങ്ങുന്നു. സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള തിരുവനന്തപുരം കോർപറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചതോടെയാണ് വഴിപോലുമില്ലാത്ത ഒറ്റമുറി വീടിനു പകരം അടച്ചുറപ്പുള്ള വീടിനു വഴി തുറന്നത്.
മൂന്നു സെന്റിൽ കുറയാത്ത സ്ഥലം ജില്ല പഞ്ചായത്ത് കണ്ടെത്തി കോർപറേഷന് നൽകണം. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി അതിൽ കോർപറേഷൻ വീട് നിർമിക്കും.
വേഗം നിർമാണം പൂർത്തിയാക്കി ജോയിയുടെ അമ്മയെ പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകിയിരുന്നു.