മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി മരിയ ബ്രന്യാസ് മൊറേറ വിടപറഞ്ഞു. 117 വയസ്സായിരുന്നു. ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിച്ച് മരിയ സ്പെയിനിലെ കറ്റാലൻ പട്ടണമായ ഒലോട്ടിലെ ഒരു നഴ്സിങ് ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. നീണ്ട ജീവിതകാലത്ത് ലോക മഹായുദ്ധങ്ങൾ, സ്പാനിഷ് ആഭ്യന്തരയുദ്ധം, മഹാമാരികളായ സ്പാനിഷ് പകർച്ചപ്പനിയും കോവിഡും അവർ അതിജീവിച്ചു. 113ാമത്തെ വയസ്സിൽ കോവിഡ് ഭേദമായതോടെ മരിയയുടെ പ്രതിരോധശക്തി ലോകത്തെ അതിശയിപ്പിച്ചു.
യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. യു.എസിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ മകളാണ്. കുറച്ചുകാലം ന്യൂ ഓർലിയൻസിൽ കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് തിരിച്ചുപോയി. സൂപ്പർ കാറ്റലൻ മുത്തശ്ശി എന്നാണ് ‘എക്സി’ൽ അവർ അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് അറ്റ്ലാൻറിക് സമുദ്രം കടന്നതിന്റെ ഓർമകൾ തനിക്കുണ്ടെന്ന് ബ്രാന്യാസ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഫ്രഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ അന്തരിച്ചതോടെയാണ് 110 വയസ്സിന് മുകളിലുള്ളവരുടെ പട്ടികയിൽ മരിയ ഒന്നാമതെത്തിയത്. 116 വയസ്സുള്ള ജപ്പാനിലെ തോമികോ ഇതൂകയാണ് ഇനി പട്ടികയിൽ ഒന്നാമത്.