കൊച്ചി: പുരസ്കാര നേട്ടത്തിന്റെ ഈ സന്തോഷം വാക്കുകൾക്കപ്പുറമാണെന്ന് മൂന്ന് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ‘ആട്ടം’ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷി. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്കാരങ്ങളാണ് ‘ആട്ടം’ സ്വന്തമാക്കിയത്. ഒരു ചലച്ചിത്ര പ്രവർത്തകന് ഇതിലും വലിയ അംഗീകാരം പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വപ്നം കാണാൻ കഴിയുന്നതിനും അപ്പുറമാണ് ഈ അംഗീകാരം. അവിശ്വസനീയം എന്നുതന്നെ പറയാം. ഇതിന്റെ എല്ലാ ക്രെഡിറ്റും ചിത്രത്തിന്റെ നിർമാതാവ് ഡോ. അജിത് ജോയിക്കും നടൻ വിനയ് ഫോർട്ടിനുമാണ്. ഇത്തരമൊരു സിനിമയുണ്ടാകാൻ കാരണക്കാരൻ അതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ടാണ്. നാടകപ്രവർത്തകരെവെച്ച് സിനിമ ചെയ്യുക എന്ന ആശയം വിനയ് ആണ് മുന്നോട്ടുവെച്ചത്. കഥ കേട്ടയുടൻ നിർമാതാവ് സിനിമ ചെയ്യാൻ അനുമതി നൽകി. 25 വർഷമായുള്ള തങ്ങളുടെ സൗഹൃദത്തിന്റെ വിജയം കൂടിയാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.