അജ്മാന്: എമിറേറ്റിൽ ലൈസൻസില്ലാതെ 7,97,000 ഇ-സിഗരറ്റുകൾ വിൽപന നടത്തിയ രണ്ടു പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരന്മാരായ രണ്ടു പേരാണ് പിടിയിലായത്. അജ്മാനിലെ ഒരു വില്ലയിൽ അഞ്ച് മുറികളിലായാണ് ലക്ഷങ്ങൾ വില വരുന്ന ഇ-സിഗരറ്റ് ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ കമ്പനികളുടെ ബ്രാൻഡ് നെയിമിലുള്ള വൻ തോതിൽ സിഗരറ്റ് ഉൽപന്നങ്ങൾ കണ്ടെത്തിയത്. നികുതി വെട്ടിച്ചാണ് ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നതെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലായിരുന്നു കെട്ടിടം.40നും 30നും ഇടയിലുള്ളവരാണ് അറസ്റ്റിലായത്. നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങൾക്ക് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഫെഡറൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
പുകവലി ആരോഗ്യത്തിനും സുരക്ഷക്കും വരുത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഇത്തരം കൃത്യങ്ങളെ കുറിച്ച് അധികൃതരെ അറിയിക്കാൻ മടിക്കരുതെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെയും താമസക്കാരുടെയും സുരക്ഷയെ തടസ്സപ്പെടുത്തുന്ന നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ അജ്മാൻ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.