മനാമ: വയനാട് ജില്ലയിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമല-മുണ്ടക്കൈ പ്രദേശങ്ങളിൽ ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ഭാരവാഹികൾ സന്ദർശനം നടത്തി. ഐ സി എഫ് ഇൻ്റർനാഷണൽ കൗൺസിൽ പ്രസിഡൻ്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ, സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവരാണ് എസ്.വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽഹക്കീം അസ്ഹരിക്കൊപ്പം മലയിടിച്ചിൽ സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. പരിക്കുപറ്റിയവർക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്, ദുരിതാശ്വാസ കേമ്പുകൾ, വിവിധ സമാഹരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. മന്ത്രിമാരായ പി രാജിവ്, കെ രാജൻ, ടി സിദ്ദീഖ് എം എൽ എ എന്നിവരുമായും ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി.
വിവരണാതീതമാണ് ദുരന്തമുഖത്തെ അനുഭവങ്ങളെന്നും അവ അതിജയിക്കാൻ നമുക്ക് കഴിയണമെന്നും സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ പറഞ്ഞു. കേരള സർക്കാരുമായും കേരള മുസ് ലിം ജമാഅത്തിൻ്റെ നേതൃത്വത്തിലും വരുന്ന സമഗ്ര പുനരധിവാസ പാക്കേജിൽ ഐ സി എഫ് പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.