ന്യൂഡൽഹി: 2024ലെ നീറ്റ്-യു.ജിയിൽ എല്ലാ വിദ്യാർഥികൾക്കും കിട്ടിയ മാർക്ക് ഇന്ന് ഉച്ചയോടെ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണിത്.
നീറ്റ്-യു.ജി പരീക്ഷക്കിരുന്ന മുഴുവൻ വിദ്യാർഥികളുടെയും മാർക്ക് പരീക്ഷയെഴുതിയ നഗരങ്ങളുടെയും പരീക്ഷ കേന്ദ്രങ്ങളുടെയും അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി നിർദേശം.
ചോദ്യപേപ്പർ ചോർച്ച വിവിധ പരീക്ഷകേന്ദ്രങ്ങളിലെ ഫലങ്ങളിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് വ്യക്തമാകാൻ, കേന്ദ്ര സർക്കാറിന്റെയും എൻ.ടി.എയുടെയും എതിർപ്പ് തള്ളിയാണ് ഇത്തരമൊരു നിർദേശം നൽകിയത്.