അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങള്‍ക്ക് സാധ്യത. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്. നിലവില്‍ ജനറല്‍ സെക്രട്ടറിയായ ബാബു മാറുന്നതോടെ പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും. 25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. ‘ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്ക്കാര് വരട്ടെ.’-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മര്‍ദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു.
1994-ല്‍ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍സെക്രട്ടറി സ്ഥാനത്തിരുന്നപ്പോള്‍ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറല്‍ സെക്രട്ടറിയായത്.
2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.
മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശാ ശരത്തും ഹണി റോസുമാണ് തോറ്റത്.
The post ‘അമ്മ’യില്‍ മറ്റം വേണം… ഞാന്‍ ഇനിയില്ല, ഒഴിയുന്നുവെന്ന് ഇടവേള ബാബു appeared first on Keralabhooshanam Daily.